“ഗണക സമുദായത്തിലേയ്ക്ക് കൂടുതൽ ആഴങ്ങളിൽ ഇറങ്ങി ചെല്ലുവാനും ഗണകരിൽ അവശത അനുഭവിയ്ക്കുന്ന കുടുംബാംഗങ്ങളെ കണ്ടെത്തി, നാരായം കുടുംബാംഗങ്ങളുടെ സഹകരണത്തോടെ നമ്മളാൽ കഴിയുന്ന സഹായങ്ങൾ തീർത്തും സുതാര്യമായ രീതിയിൽ അവരിലേയ്ക്ക് എത്തിയ്ക്കുവാനുമുള്ള സംരക്ഷണ കവചമായാണ് 90/2018 എന്ന രെജിസ്റ്റർ നമ്പറിൽ നാരായം ചാരിറ്റബിൾ ട്രസ്റ്റ് നിലവിൽ വന്നത്. ഗണകസമുദായ ഉന്നമനം എന്ന ഏക ലക്ഷ്യത്തോടെ ജില്ലാ അടിസ്ഥാനത്തിൽ പ്രതിനിധികളെ തിരഞ്ഞെടുത്തുകൊണ്ട് വിവിധങ്ങളായ ആശയങ്ങൾ നാരായം കൂട്ടായ്മയുടെ അടിവേരുകളായഅഡ്മിൻസ് അണിയറയിൽ ഒരുക്കിക്കൊണ്ടിരിയ്ക്കുന്നു.
2015 തികച്ചും സൗഹൃദ സംഭാഷണങ്ങൾക്കായി തുടങ്ങിയ നാരായം കൂട്ടായ്മയിൽ കൂടുതൽ അംഗങ്ങൾ വന്നുചേരുന്നതനുസരിച്ചു പല പേരുകളായി വിഭജിച്ചു കിടക്കുന്ന സമ്മുടെ സമുദായത്തിൽ നിരവധിയനവധി കുടുംബാംഗങ്ങൾ കഷ്ടത അനുഭവിക്കുന്നുണ്ട് എന്ന് മനസിലാക്കുകയും നാരായത്തിൽ അന്നുണ്ടായിരുന്ന അംഗങ്ങളുമായി ചർച്ച നടത്തി, കുടുംബാംഗങ്ങളിൽ നിന്നും നന്മയുടെ മരിയ്ക്കാത്ത കരങ്ങളിൽ നിന്നും അവരവരാൽ കഴിയുന്ന ഒരു തുക സ്വീകരിച്ചു പാവപ്പെട്ട, കഷ്ടത അനുഭവിയ്ക്കുന്ന കുടുംബത്തിന് നന്മയുടെ ഒരംശം എന്ന രീതിയിൽ ആണ് നാരായം ചാരിറ്റി പ്രവർത്തനങ്ങൾ ആരംഭിയ്ക്കുന്നത്. ചെറുതും വലുതുമായ സഹായ സ്നേഹസ്പർശങ്ങൾ എഴുപത്തഞ്ചോളം കുടുംബാംഗങ്ങളിൽ ഈ രണ്ടു വർഷ കാലയളവിൽ ചെയ്യാനായത് ചെറിയ വലിയ ഭാഗ്യമായി കരുതുന്നു.
മുന്നോട്ടുള്ള പ്രയാണത്തിൽ നമ്മൾ ഓരോരുത്തരുടെയും പരിശ്രമത്തിൻ ഫലമായി നമ്മുടെ സമുദായത്തിൽ വലിയ വ്യത്യാസങ്ങൾ / മാറ്റങ്ങൾ സൃഷ്ടിയ്ക്കുവാൻ ഉതകുന്ന തരത്തിൽ നാരായം ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തിയ്ക്കും.
ഞങ്ങളുടെ ഉദ്ദേശം ലാഭേച്ഛയില്ലാത്ത, നിങ്ങളുടെ സഹകരണത്തോടെയും പ്രോത്സാഹനത്തോടെയും അവശത അനുഭവിയ്ക്കുന്ന നമ്മുടെ സമുദായത്തിലെ കുടുംബങ്ങൾക്ക് ഉതകുന്ന ഒരു ചാരിറ്റബിൾ ട്രസ്റ്റ് ആണ്. നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസം, മണ്മറഞ്ഞു പോയിക്കൊണ്ടിരുക്കുന്ന നമ്മുടെ അനുഷ്ടാനങ്ങൾ, വൈദ്യം, ജ്യോതിഷം എല്ലാം പുനരുദ്ധരിപ്പിയ്ക്കാനുള്ള ഒരു ശ്രമം കൂടിയാണ് നാരായം ചാരിറ്റബിൾ ട്രസ്റ്റ്.
നാരായം ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ ജില്ലകൾ തോറും കുടുംബ യൂണിറ്റുകൾ, സ്വയം തൊഴിൽ കണ്ടെത്താനുള്ള മാർഗ നിർദ്ദേശങ്ങൾ തുടങ്ങി സാധ്യമായ എല്ലാ മേഖലകളിലും നാരായം ചാരിറ്റബിൾ ട്രസ്റ്റിന്റെ കൈയൊപ്പ് പതിപ്പിയ്ക്കാൻ ശ്രമിയ്ക്കും
ട്രസ്റ്റിനെ നിയന്ത്രിയ്ക്കുന്നത് കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള പത്തു പേരടങ്ങുന്ന അംഗങ്ങൾ ആണ്. ഫൗണ്ടർ, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, ഖജാൻജി, പ്രോഗ്രാം ഓർഗനൈസർ, ഐ. ടി സപ്പോർട് തുടങ്ങിയ ചുമതല വഹിയ്ക്കുന്ന നേതൃ നിരയാണ് ഇന്ന് നാരായം ചാരിറ്റബിൾ ട്രസ്റ്റിനെ നിയന്ത്രിയ്ക്കുന്നത്.
എല്ലാ മാസവും മീറ്റിങ് സംഘടിപ്പിച്ചു പ്രവർത്തനങ്ങളെ വിലയിരുത്തി സുതാര്യമായി പോവുന്നു എന്നുറപ്പു വരുത്തുന്നു.
ഞങ്ങളുടെ ദൗത്യം
ജീവിതത്തിൽ ചില സമയങ്ങളിൽ ഇനി എന്ത്, എങ്ങനെ എന്ന ചോദ്യചിഹ്നവുമായി വഴിമുട്ടി നിൽക്കുന്നവർക്ക് ഒരു കൈത്താങായി അവരെ സഹായിക്കുന്നതിന് വേണ്ടി നാരായം ചാരിറ്റബിൾ ട്രസ്റ്റ് നിലകൊള്ളും.
